നാടിൻറെ വികസനവും നാട്ടുകാരുടെ ജീവിത നിലവാരവും സമാധാനവും സുരക്ഷിതത്വവും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം വിശ്വാസങ്ങൾ , ആചാരങ്ങൾ, ദേശീയത, സെലിബ്രിറ്റി ആരാധന തുടങ്ങി എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാക്കിയും ആളുകളെ വിഭാഗങ്ങളാക്കിയുമാണ് മിക്ക പാർട്ടികളും പിടിച്ചു നിൽക്കുന്നത്. ചിലർ ചില മതക്കാരെ കയ്യിലെടുക്കാൻ മറ്റൊരു മതത്തെ ട്രോളുന്നു. ചിലർ ശാസ്ത്രീയ വാദികളാവാൻ എല്ലാ മതങ്ങളെയും ട്രോളുന്നു. മറ്റു ചിലർ ഇതിനിടയിൽ നിഷ്പക്ഷരാവാൻ പാടുപെടുന്നു.
ഇതൊക്കെ വർത്തയാക്കിയും തമ്മിലടി വിശേഷമാക്കിയും ചില മാധ്യമങ്ങൾ പിടിച്ചു നിൽക്കുന്നു. വിദ്യാസമ്പന്നരായ രാഷ്ട്രീയ വിഡ്ഢികളായി നമ്മളിങ്ങനെ ശുഭപ്രതീക്ഷയിൽ നല്ലൊരു നേതാവിനെ പ്രതീക്ഷിച്ച് ആയുസ്സിന്റെ അവധിയും കാത്ത് കഴിയുന്നു.
എന്റെ ഓണ സന്ദേശം
ഒരു പാട് ചിന്തിപ്പിച്ച ഒരു വീഡിയോ കാണാനിടയായി. നാല് കമ്പുകൾ നാട്ടി അതിനു മുകളിൽ ആരോ ഉപയോഗിച്ച് ഉപേക്ഷിച്ച ഫ്ളക്സ് ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കി അതിൽ ഒറ്റക്ക് താമസിക്കുന്ന ഒരമ്മ ആ കൂരക്ക് മുമ്പിൽ ഉള്ള സ്ഥലത്തു വൃത്തിയാക്കി ഭക്തിയോടെ ഓണപ്പൂക്കളമൊരുക്കുന്ന വീഡിയോ. ഇത് കണ്ടപ്പോൾ തോന്നിയ ചില ചിന്തകൾ പങ്ക് വെക്കാമെന്ന് തോന്നി.
എന്തൊക്കെ ഇല്ലെങ്കിലും ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുന്ന ഒരു മലയാളി അമ്മ ആത്മാർത്ഥമായി ഒരു കൂരയെന്ന് വിശ്വസിക്കുന്ന സ്വന്തം ഭാവനത്തിന് മുമ്പിൽ പൂക്കളമൊരുക്കുന്നത് സന്തോഷത്തോടെയും ഭക്തിയോടെയുമാണ്. കളങ്കമില്ലാത്ത കാർഷിക വിളകൾ കൊണ്ട് വിഭവങ്ങളൊരുക്കി ഊട്ടുകയും ഉണ്ണുകയും ആഘോഷിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന ഓണം കേരളത്തിന്റെ മാത്രം പ്രത്യേകതയും അഭിമാനവുമാണ്.
ചിലയിടത്ത് പക്ഷെ ദേശീയ ആഘോഷമെന്ന് പറഞ്ഞ് മദ്യപിച്ചും മാംസവും മത്സ്യവും കൊണ്ട് സദ്യ വിളമ്പിയും അത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചും. മറ്റു മതങ്ങളുടെ യാഥാസ്ഥിക വേഷങ്ങൾ ധരിച്ച് അല്ലെങ്കിൽ ഫ്രീക്കൻ വേഷത്തിൽ കളർ പൊടിയും പ്ലാസ്റ്റിക് പൂക്കൾ കൊണ്ടും തോന്നുന്നിടത്തെല്ലാം പൂക്കളമിട്ടും അതിലൂടെ ബൂട്ടും ചെരിപ്പുമിട്ട് നടന്നും ഓണം ഒരു സംസ്കാരത്തിന്റെ ആചാരമായും പവിത്രമായ വിശ്വാസമായും കാണുന്നവർക്ക് അരോചകവും വിഷമവും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ടോ എന്ന് എന്റെ മാത്രം തോന്നലാണോ എന്നറിയില്ല.
സൗഹൃദവും സാഹോദര്യവും സന്തോഷവും മതങ്ങൾക്കതീതമായി നിലനിന്നു പോരുന്ന നാട്ടിൽ ചിലർക്ക് അത്ര രസിക്കണമെന്നില്ല. വിശ്വാസങ്ങളും ആചാരങ്ങളും ആദരിക്കപ്പെടാനുള്ളതാണ്. അതിൽ ഇടപെട്ട് വിശ്വാസമില്ലാത്തവർ ചെയ്യുന്ന പേക്കൂത്തുകൾ വിശ്വാസികളെ വേദനിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെ ചിലരൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത നാം കണ്ട് വരുന്നുണ്ട്.
ഒരു വിശ്വാസിക്ക് മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന സഹോദരങ്ങളുടെ വിശ്വാസത്തിന്റെ പ്രാധാന്യം മനസിലാക്കാനും അതിനെ ആദരിക്കാനും കഴിയണം. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടിയോ കച്ചവടം കൊഴുപ്പിക്കാനോ വാർത്തകൾ സൃഷ്ടിക്കാനോ ഒരു ആഘോഷത്തെ ഉപയോഗപ്പെടുത്തുമ്പോൾ ആത്മാർഥമായി പരിശുദ്ധ വിശ്വാസത്തോടെ അതിനെ ആചരിക്കുന്നവർക്ക് അവരുടെ അവകാശങ്ങളും വകവെച്ചു നൽകണം.
കേക്ക് മുറിച്ചും ബീഫ് വിളമ്പിയും മദ്യപിച്ചും ആഘോഷിക്കാൻ ഓണം ഒരു അവസരമാക്കരുത്. എത്ര വലിയ മാംസ ബുക്കാണെങ്കിലും സസ്യ വിഭവങ്ങളുടെ സദ്യ കഴിക്കാനും സന്തോഷം പങ്ക് വെക്കാനും അന്നമൊരുക്കുന്ന കർഷകരെ ഓർക്കാനും ആയിരിക്കാം ഓണം ഒരു ദേശീയ ഉത്സവമായി സർക്കാർ പ്രഖ്യാപിച്ചത്. അത് ഒരു വിശ്വാസത്തെ അനാദരിക്കുന്ന ആഘോഷമാക്കരുത്.
ആചാരങ്ങളെ ഏത് മതക്കാരുടെയോ ഗോത്രക്കാരുടെയോ ആവട്ടെ വിശ്വാസമില്ലാത്തവർ അനുഷ്ഠിക്കുകയും അനുകരിക്കുന്നതുമല്ല മറിച്ച് അവയെ ആദരിക്കലും മാനിക്കലുമാണ് മത മൈത്രി എന്ന് ഞാൻ വിശ്വസിക്കുന്നു. ഓണം ഒരു ഉദാഹരണം മാത്രമാണ്. ബലി പെരുന്നാളിന് അല്ലാഹുവിന്റെ നാമത്തിൽ ബലി അറുത്ത് മാംസം വിതരണം ചെയ്യുമ്പോൾ മറ്റുള്ളവർക്ക് അത് പുണ്യമായി തോന്നില്ല. അയൽവാസി മറ്റൊരു മത വിശ്വാസി ആണെങ്കിൽ അവർക്ക് ബലി അറുത്തതല്ലാത്ത മറ്റു വിഭവങ്ങൾ നൽകി സ്നേഹം പങ്കിടുമ്പോഴാണ് യഥാർത്ഥ മൈത്രിയും മതങ്ങൾക്കപ്പുറമുള്ള സാഹോദര്യവും ഉണ്ടാവുന്നത്.
വിശ്വസികളുടെ സംഭാവനകളും സേവനങ്ങളും കൊണ്ട് നിർമ്മിക്കപ്പെടുന്നതാണ് ക്ഷേത്രങ്ങളും പള്ളികളും മറ്റു മത സ്ഥാപനങ്ങളും. അവിടെ അതിന്റെ പവിത്രത തോന്നുന്നവർക്കുള്ള സമാധാന കേന്ദ്രങ്ങളാണ്. മറ്റുള്ളവരെ തള്ളിക്കയറ്റാൻ ആര് ശ്രമിച്ചാലും ഏതെങ്കിലും വിശ്വാസമുള്ള എല്ലാ മതക്കാരും കൂടെ നിന്നാണ് എതിർക്കേണ്ടത്. വിശ്വാസങ്ങൾ ആദരിക്കപ്പെടേണ്ടതാണ്. സർക്കാരുകൾ ജീവനും സ്വത്തിനുമെന്ന പോലെ വിശ്വാസങ്ങൾക്കും കാവലൊരുക്കണം. വിശ്വാസങ്ങളെ ശാസ്ത്രങ്ങളോട് കൂട്ടിക്കെട്ടേണ്ടതില്ല. നമ്മുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും അവരുടെ വിശ്വാസങ്ങളെ ആദരിക്കാനും നമുക്ക് കഴിയട്ടെ എന്നതാണ് എന്റെ ഓണ സന്ദേശം.